Sunday, June 04, 2006

ഞാനും എന്റെ (സുന്ദരമായ)പേരും

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയം

യൂണിവേഴ്സിറ്റിയില്‍ ഇലക്ഷന്‍ നടക്കുന്നു, ഞാനും ഒരു സ്ഥാനാര്‍ത്ഥി ആയിരുന്നു ആ ഇലക്ഷനില്‍. വോട്ടെടുപ്പു ദിവസം അവിടെ ഉണ്ടായിരുന്ന ഒരു പോലിസുകാരന്‍ പാനല്‍ ലിസ്റ്റ്‌ എടുത്തു നോക്കുന്നു, chairman - jayakumar k p, vise chairman - amrutha k adiyodi, general secretary - Obi T R അദ്ദേഹം ആ ലിസ്റ്റില്‍ സൂക്ഷിച്ചു നോക്കുന്നു, വീണ്ടും നോക്കുന്നു, എന്നിട്ടു വായന നിര്‍ത്തി തൊട്ടടുത്തു നിന്ന ജയകുമാറിനോട്‌, ഇതു പേരാണോ അതൊ ഇനിഷ്യല്‍സ്‌ ആണോ?

ജോലിക്കു വേണ്ടിയുള്ള ആദ്യത്തെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍

ആരുടെയൊക്കെയൊ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അദ്യത്തെ ഇന്റര്‍വ്യൂന്‌ തന്നെ എനിക്കു ജോലി കിട്ടി. ഓഫീസില്‍ സെലക്ഷന്‍ കിട്ടിയവരുടെ ലിസ്റ്റ്‌ ഇട്ടു. അതില്‍ എന്റെ പേരു മാത്രം മുഴുവന്‍ capsല്‍ OBI T R പലരും ചോദിച്ചത്രെ ഇതെന്തോന്നു പേര്‌!

ഒത്തിരി ഒത്തിരി ആഗ്രഹിച്ച ലക്ഷദ്വീപ്‌ യാത്രക്ക്‌

കുറേക്കാലം മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ലക്ഷദ്വീപില്‍ പോവുക എന്നതു്‌. രണ്ടു മൂന്നു സുഹൃത്തുക്കള്‍ കൂടി തയ്യാറായപ്പോള്‍ ആ ആഗ്രഹം അങ്ങു സാധിച്ചേക്കാം എന്നു തീരുമാനിച്ചു. ടിക്കറ്റിനു വേണ്ടി ആപ്പ്ലിക്കേഷന്‍ ഒക്കെ കൊടുത്തു, എന്റെ ഫോറം കണ്ടിട്ടു അവിടെയുള്ള ഒരു മാന്യദേഹം, ഇതെന്തോന്നാ Obi എന്നോ? ഇങ്ങനെ ഒന്നും ആര്‍ക്കും പേരിടില്ല എന്നും പറഞ്ഞു അദ്ദേഹം Obiക്ക്‌ മുന്നില്‍ ഒരു G ഉം b താഴേക്ക്‌ നീട്ടി p ഉം ആക്കി.. അങ്ങിനെ ഞാന്‍ Gopi ആയി. ആ പേരും വെച്ച്‌ ലക്ഷദ്വീപില്‍ പോയി വന്നു.

ഈ ബൂലോഗത്തില്‍ എത്തിയപ്പോള്‍

ഈ വിശാലമായ ബൂലോഗത്തില്‍ എത്തിയപ്പോള്‍ ആദ്യം വായിച്ചു തുടങ്ങിയത്‌ ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍. അതില്‍ എതോ ഒന്നു വായിച്ചു കമന്റ്‌ കൊടുത്തു, ദാ വരുന്നു ശ്രീജിത്തിന്റെ മറുപടി കമന്റ്‌ ഒ ബി ഐ റ്റി ആര്‍ എന്നും വിളിച്ചോണ്ട്‌.

അവസാനം ഒരു പെണ്ണു കിട്ടിയപ്പോള്‍

കുറേക്കാലം തിരഞ്ഞു കല്യാണം കഴിക്കാന്‍ വേണ്ടി ഒരു പെണ്ണിനെ കണ്ടു പിടിച്ചപ്പോള്‍ ദാ കിടക്കുന്നു.. ആ കുട്ടീടെ പേരു hilary, ഇപ്പോള്‍ എല്ലാരുടേം ചോദ്യം ഇതെന്തോന്ന്‌ പേരാന്ന്‌.. ഞാന്‍ എന്തു പറയാനാ. അവസാനം ഒരുത്തരം കണ്ടു പിടിച്ചു obi എന്ന പേരിന്‌ hilary ഒക്കെ മതി, നല്ല ചേര്‍ച്ചയാന്ന്‌.

25 Comments:

Blogger Sreejith K. said...

ഒബിയേ, നിന്റെ പേര് എനിക്കും ഇത് പോലെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ ഒന്ന് തന്നെ. നിന്റെ പേരിനോളം പോന്ന് ഇനീഷ്യല്‍ ആണ് പ്രശ്നം. എന്തായാലും അരവിന്ദന്റെ കുട്ടപ്പന്‍ കഥകള്‍ക്ക് ശേഷം ഇപ്പോഴാ ഒരു പേരിന്റെ പേരില്‍ ഉള്ള തമാശ കേള്‍ക്കുന്നത്. എനിക്ക് നന്നായി ബോധിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ

പറയാന്‍ വിട്ടു. വിവാഹം നിശ്ചയിക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും

10:49 PM, June 04, 2006  
Anonymous Anonymous said...

Monica enna perullavare sookshicholanam.

10:49 PM, June 04, 2006  
Blogger ദേവന്‍ said...

അഹാ കല്യാണം ഉറച്ചോ? എന്നാ, എവിടെ വച്ചാ, ആരാ പാചകം? ഊണാണോ ഏഴു കോര്ഴ്സ്‌ ലഞ്ചാണോ ബിരിയാണി ആണോ? വൈകിട്ടു റിസപ്ഷന്‍ ഉണ്ടോ? അപ്പോ ഇടിയപ്പോം കറീം സ്മാളും ഉണ്ടോ?

11:13 PM, June 04, 2006  
Blogger സു | Su said...

ഒബി :) ആശംസകള്‍!

11:20 PM, June 04, 2006  
Blogger കുറുമാന്‍ said...

അപ്പോ, ഒബിക്കും, ഹിലാരിക്കും, ആസംസകള്‍.....ഇനിയിപ്പോ, കഴുത്തേല്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന കേമറ ഊരി വെച്ച്, നല്ല കുട്ടിയായി, പള്ളര്‍ക്കാവിലോ, തിരുമലദേവസത്തിലോ, ഫോര്‍ട്ട് കൊച്ചി പള്ളീലോ, മട്ടാഞ്ചേരി ജ്യൂസിനഗോഗിലോ ഒക്കെ പോയി മുട്ടിപ്പായി പ്രാര്‍ത്ഥീര് ഒബി.....ഇനി ചുമ്മാ, ഫോര്‍ട്ട് കൊച്ചി ബീച്ചിലും, ഐലന്‍ഡിലുമൊന്നും കറങ്ങി തേരാ പാരാ നടക്കല്ലെ.....വല്ല അമ്മായപ്പനും കടിച്ചും.

11:24 PM, June 04, 2006  
Blogger Santhosh said...

അഭിനന്ദനങ്ങള്‍ ഒബീ! അപ്പോള്‍ ഒബി ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായിരുന്നോ? കാം‍പസ് ഫ്രണ്‍‍ട് ആയിരുന്നോ പാര്‍ട്ടി?

11:32 PM, June 04, 2006  
Blogger ചില നേരത്ത്.. said...

ഒബീ ..ആശംസകള്‍..

11:38 PM, June 04, 2006  
Blogger Obi T R said...

എല്ലാവര്‍ക്കും (ശ്രിജിത്ത്‌, അനോണി, ദേവേട്ടന്‍, സു(ചേച്ചി ;-)),കുറുമാന്‍, സന്തോഷ്‌, ഇബ്രു) നന്ദി..

ദേവേട്ടാ, വിവാഹത്തിനു സദ്യ ആണ്‌. വീട്ടില്‍ വേറൊരു വിശേഷം കൂടിയുണ്ടു - എന്റെ അനിയത്തിയുടെ വിവാഹം ആണു ഈ മാസം 19നു. വളരെ പെട്ടന്നുള്ള തീരുമാനം ആയിരുന്നു.. വീട്ടില്‍ ആകെ തിരക്കായി, എനിക്കും. ഈ തിരക്കു കാരണം കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുമായി പ്രേമിച്ചു നടക്കണം എന്നുള്ളതൊക്കെ മാറ്റി വെക്കേണ്ടി വന്നിരിക്കുവാ. അനിയത്തിയുടെ വിവാഹം കഴിഞ്ഞുള്ള സമയം നോക്കാം. വിവാഹം മിക്കവാറും july 9thനു ആയിരിക്കും.

കുറുമാനേ, ഈ ആഴ്ച വന്നപ്പ്പ്പോള്‍ ക്യാമറ വീട്ടില്‍ വെച്ചു പോന്നു. അതുവായിട്ടു തെണ്ടി തിരിഞ്ഞു നടക്കുവാണ്‌ എന്റെ പണി എന്ന് ഹിലാരിക്കു തോന്നണ്ടാ (അല്ലാതെ ബാഗില്‍ സ്ഥലം ഇല്ലാഞ്ഞതു കൊണ്ടല്ല ;-))

സന്തോഷ്‌, ഞാന്‍ SFI ടെ പാനലില്‍ ആയിരുന്നു. പക്ഷേ മത്സരിക്കേണ്ടി വന്നില്ല.. എതിരാളിയില്ലാതെ തിരഞ്ഞെടുക്കപെട്ട്‌. അതു കൊണ്ടു മത്സരത്തിന്റെ ഒരു സുഖം അറിയാന്‍ പറ്റിയില്ല..

1:02 AM, June 05, 2006  
Blogger aneel kumar said...

ആശംസകള്‍ ഒബീ!
ഒബീന്നുള്ള പേര് Hilarious ആണെന്നിപ്പോള്‍ മനസിലായല്ലോ അല്ലേ?

1:33 AM, June 05, 2006  
Blogger aneel kumar said...

ആശംസകള്‍ ഒബീ!
ഒബീന്നുള്ള പേര് Hilarious ആണെന്നിപ്പോള്‍ മനസിലായല്ലോ അല്ലേ?

1:38 AM, June 05, 2006  
Blogger Chathunni said...

അങ്ങെനെ ഒബിക്കും പെണ്ണുകിട്ടി..
ഒന്നു കൂടി ആലൊചിച്ചിട്ടു പോരേ ഒബീ ഈ കടുംകൈ..
[പെണ്ണു കിട്ടാത്തതില്‍ ഉള്ള അസൂയ കൊണ്ടല്ല... വെറും സ്നെഹത്തിന്റെ പുറത്തുള്ള ഉപദേശം..;-) ]
ഹിലാരിക്കും ഒബിക്കും നൂറുനൂറാശംസകള്‍.. hey i got that song.. (nooru nooraaSamsakal) if any body want to [share/get/give] 80's malayalam hits, ping me..(gm_vinod@hotmail) :-)

1:50 AM, June 05, 2006  
Blogger ജേക്കബ്‌ said...

ഒബിക്കും ഒബീടെ അനിയത്തിക്കും ആശംസകള്‍..

3:51 AM, June 05, 2006  
Blogger ബിന്ദു said...

ദാ.. ബ്ലോഗുലകത്തിലെ അടുത്ത കല്ല്യാണം. ഒബിക്കും അനിയത്തിക്കും വിവാഹാശംസകള്‍ !!

6:11 AM, June 05, 2006  
Blogger സു | Su said...

ഒബീ :) അനിയത്തിയ്ക്കും ആശംസകള്‍.

6:14 AM, June 05, 2006  
Anonymous Anonymous said...

ഒബീക്കും ഒബീ‍ടെ അനിയത്തിക്കും വിവാഹാശംസകള്‍. നിങ്ങടെ കുട്ടികള്‍ക്കു ഇങ്ങിനെ കോഡ് ഭാഷയില്‍ പേരിടാതിരിക്കാന്‍ ശ്രദ്ധിക്കുക. :)

6:48 AM, June 05, 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

ഒബീ, അഭിനന്ദനങ്ങള്‍, ചേട്ടനും, അനിയത്തിക്കും, പിന്നെ ഹിലാരിക്കും..

അധികം സമയമില്ലാട്ടോ.. വേഗാവട്ടെ ബാക്കി കാര്യങ്ങള്‍..

8:48 AM, June 05, 2006  
Blogger Satheesh said...

ഒബീ, വിവാഹാശംസകള്‍.
കല്യാണം കഴിക്കുക എന്നത് പട്ടാളത്തില്‍ ചേരുന്നത് പോലെയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്..പട്ടാ‍ളത്തില്‍ ചേര്‍ന്നവര്‍, അവിടെ ഭയങ്കര പണിയാണെന്നേ എന്നെപ്പഴും പറയും, പക്ക്ഷെ എന്നാലും, പട്ടാ‍ളത്തില്‍ ചേരാനുള്ള ക്യൂവിന്റെ നീളം ഒട്ടും കുറയുന്നും ഇല്ല!

8:55 AM, June 05, 2006  
Blogger Kuttyedathi said...

ഒബീ, വിവാഹാശംസകള്‍, ഒബിക്കും സഹോദരിക്കും. മക്കള്‍ക്കും ഇതുപോലെ ആളുകള്‍ കേട്ടിട്ടില്ലാത്ത ഒബിലാരി, ഹിലോബി എന്നൊക്കെ പേരിടണേ :)

ചാത്തുണ്ണി സങ്കടപ്പെടണ്ട. ഇതു കേട്ടിട്ടില്ലേ. കല്യാണമൊരു എക്സിബിഷന്‍ ഹാള്‍ പോലെയാണ്‌. പുറത്തു ക്യൂവ്വില്‍ നില്‍ക്കുന്നവര്‍ക്ക്‌ എങ്ങനെയെങ്കിലുമൊന്നകത്തു കയറി പറ്റാന്‍. അകത്തു കേറിയവര്‍ക്കോ, ഈശ്വരാ ഇതൊന്നു തീര്‍ന്നിട്ട്‌ വേഗം പുറത്തിറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍..

1:31 PM, June 05, 2006  
Blogger myexperimentsandme said...

ഓ.ബി. റ്റി.റ്റി.ആറേ (തീവണ്ടിച്ചെക്കര്‍മാരെ ടി.ടി.ആറെന്നു വിളിക്കുന്നതെന്തിനാണാവോ-അവര്‍ റ്റി.റ്റി. ഈ മാരല്ലേ).. വിവാഹമംഗളാ‍ശംസകള്‍, താങ്കള്‍ക്കും താങ്കളുടെ കുഞ്ഞനിയത്തിക്കും താങ്കളെ കെട്ടാന്‍ പോകുന്ന ഹിലാരിക്കും.

എങ്ങിനെ ഈ നാമം ഉണ്ടായി-നമോല്‍‌പത്തി‌-കൂടി ഒന്ന് വിശദീകരിക്കൂന്ന്. ഏതായാലും ഓബിയെ ഗോപിയാക്കിയ അണ്ണനെ നമിച്ചിടുന്നു!

7:49 PM, June 05, 2006  
Blogger പാപ്പാന്‍‌/mahout said...

ഒബി, അനിയത്തി, ഹിലരി എല്ലാവര്‍ക്കും ആശംസകള്‍! ഒബി എന്നുളതെന്താ മോശം പേരാ?

8:31 PM, June 05, 2006  
Blogger Obi T R said...

എല്ലാര്‍ക്കും (അനില്‍, ചാത്തുണ്ണി, ജേക്കബ്‌, ബിന്ദു, സു, എല്‍ ജി, ശനിയന്‍, സതീഷ്‌, കുട്ട്യേടത്തി, വക്കാരിമിഷ്ട, പാപ്പാന്‍) നന്ദി :-)
എല്ലാരുടേയും ആശംസകള്‍ ഞാന്‍ അനിയത്തിയേയും, ഹിലാരിയേയും അറിയിക്കുന്നതായിരിക്കും..

സതീഷെ, ആ ഉപമ എനിക്കങ്ങിഷ്ടമായി..

കുട്ട്യേടത്തീടെ കമന്റ്‌ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം കരുതി വിവാഹ ജീവിതത്തിനെ ആണോ പ്രദര്‍ശന ഹാളായിട്ടു ഉപമിച്ചതെന്ന്‌, പിന്നെ മാറ്റി ചിന്തിച്ചു. കുട്ട്യേടത്തി പറഞ്ഞതു പോലുള്ള പേരൊക്കെ കണ്ടു പിടിക്കേണ്ടി വരുമെന്നാ തോന്നുന്നെ.

വക്കാരി, തീവണ്ടി ചെക്കറുമാരെ TTI എന്നല്ലെ വിളിക്കാറ്‌?ഈെ നാമം എങ്ങിനെ ഉണ്ടായീന്നു വെച്ചാല്‍, ഞാന്‍ ജനിച്ചത്‌ ഒരു ഒക്ടോബര്‍ മാസത്തിലാണു. അപ്പോള്‍ അന്നു കോളേജ്‌ കുമാരിമാരായിരുന്ന എന്റെ കസിന്‍സിനു 'O' യില്‍ തുടങ്ങുന്ന പേരു തന്നെ വേണം എന്നു നിര്‍ബന്ധം (ഒരോരോ പരിഷ്കാരങ്ങളേ). ഞാന്‍ ജനിക്കുന്നതിന്‌ 5 മാസം മുന്നേ ജനിച്ച എന്റെ ഒരു കസിന്‌, bobby എന്നനു പേരിട്ടതു്‌. അങ്ങിനെ ഈ O യില്‍ തുടങ്ങണം എന്ന കണ്ടീഷനും bobby എന്ന പേരും എല്ലാം ചേര്‍ന്ന്‌ എനിക്കു അങ്ങു Obi എന്നു പേരിട്ട്‌..

ഞാന്‍ ഈ പേരു വെറൊരാള്‍ക്ക്‌ കാണുന്നതു, എന്റെ അനിയത്തിയുടെ ഇംഗ്ലീഷ്‌ പാഠ പുസ്തകത്തിലെ ഒരു സ്റ്റോറിയിലാണു. അതില്‍ ഒരു സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ പേരു Obi എന്നായിരുന്നു :-)

ഇനി നിങ്ങള്‍ ആരും ചോദിച്ചില്ലേലും വീട്ടിലെ ബാക്കി എല്ലാരുടേം പേരു കൂടി പറയാം.
അച്ഛന്‍ - Ravi
അമ്മ - Jameela
അനിയന്‍ - Febi
അനിയത്തി - Jubi
അനിയത്തിയുടെ വുഡ്ബീ - Sebi

അനിയത്തിയും അനിയനും ഫെബ്രുവരിയിലും ജൂണിലും ജനിച്ചതു കൊണ്ടല്ല, ഒരു പ്രാസത്തിനു വേണ്ടി അങ്ങിനെ പേരിട്ടതാ.

9:05 PM, June 05, 2006  
Blogger Sreejith K. said...

ഇന്ന് വിവാഹിതയാകുന്ന് നിന്റെ പെങ്ങള്‍ക്ക് എല്ലാവിധ ആശംസകളും. പുതുജോഡി ഇനി ഒരു നൂറ് വര്‍ഷം ഒന്നിച്ച് ജീവിക്കട്ടെ സന്തോഷമായി.

3:06 AM, June 19, 2006  
Blogger മുല്ലപ്പൂ said...

ഒബീ, അനിയത്തിക്കു എല്ലാ മംഗളങ്ങളും...

3:27 AM, June 19, 2006  
Blogger Kalesh Kumar said...

പ്രിയ ഒബീ, പെങ്ങളുകുട്ടിക്കും പുതുമണവാളനും എന്റെ വിവാഹമംഗളാശംസകള്‍!
നവദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ!

3:59 AM, June 19, 2006  
Blogger Obi T R said...

നിങ്ങളുടെയെല്ലാം ആശംസകളോടെ വിവാഹം വളരെ ഭംഗിയായി നടന്നു.. ഈ മഴക്കാലത്തും വിവാഹം ഉറപ്പിച്ചത്‌ മുതല്‍ വിവാഹത്തിന്റെ അന്നുവരെ ആകാശം തെളിഞ്ഞു നിന്നു(ഓച്ചിറക്കളിയുടെ അന്നൊഴിച്ച്‌)
ഇനി വീട്ടില്‍ അടുത്ത വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. (മക്കള്‍ കാരണം പാവം അച്ഛനും അമ്മക്കും ഒന്നു നടു നിവറക്കാനുള്ള സമയം കൂടിയില്ല)

2:22 AM, June 21, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home