Friday, April 28, 2006

ചിന്തയുടെ അലയല്‍

എന്താണെന്നു ആര്‍ക്കേലും മനസ്സിലായോ?
നമ്മുടെ ചാത്തുണ്ണി ദേഷ്യത്തിനെ നിര്‍വചിച്ചതാണ്‌ ഇങ്ങനെ..

രംഗം: ഞങ്ങളുടെ ഓഫീസ്‌ കാന്റീന്‍.

ഇനി മുതല്‍ ചായ സമയം നല്ല നല്ല ചര്‍ച്ചകള്‍ക്കായി വിനിയോഗിക്കണം എന്നുള്ള തീരുമാനത്തിനു പുറത്താണ്‌ ഇങ്ങനെ ഒരു വിഷയം വന്നതു..
എന്തു ചെയ്യാം ചര്‍ച്ച ചെയ്യാമെന്നു ഏറ്റുപോയതല്ലേ, ഞങ്ങള്‍ ഒരോരുത്തരായി ദേഷ്യത്തിന്‌ ഒരോ നിര്‍വചനങ്ങള്‍ കൊടുത്തു തുടങ്ങി.
ഒരാള്‍ പറഞ്ഞു നമുക്കു ഇഷ്ടമല്ലാത്ത എന്തിനോടുമുള്ള പ്രതികരണത്തിന്റെ ഒരു രൂപമാണ്‌ ദേഷ്യം. ഞാനും പതുക്കെ അതിനെ അങ്ങു പിന്താങ്ങി.. (ഒന്നും പറയാനോ പറ്റുന്നില്ല എന്നാല്‍ പിന്നെ അങ്ങു താങ്ങി നിര്‍ത്തിയേക്കാം എന്നു കരുതി)
അപ്പോള്‍ ഇതാ വരുന്നു അതു വരെ ഗഹനമായ ചിന്തയിലാണ്ടിരുന്ന നമ്മുടെ ചാത്തുണ്ണിടെ വക നിര്‍വചനം - "ചിന്തയുടെ അലയല്‍ ആണു ദേഷ്യം".
രംഗം പെട്ടന്ന്‌ നിശബ്ദമായി..
ഭാഗ്യം എന്താണു പറഞ്ഞതു എന്നു ചത്തുണ്ണിക്കു പോലും പെട്ടന്നു കത്തിയില്ല.. എങ്കിലും ആരുടെ മുന്നിലും തോറ്റുകൊടുക്കാത്ത ചാത്തുണ്ണി പതിവുപോലെ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍(മനസ്സിലാകണം എന്ന ഉദ്ദേശം ഇല്ലാതെ) എന്തൊക്കെയൊ വിശദീകരണം തന്നു തുടങ്ങി, പെട്ടന്നാണു 10 മിനിറ്റ്‌ ചായ സമയം ഇപ്പോള്‍ തന്നെ അര മണിക്കൂര്‍ ആയിയെന്നും ഇതൊരു സര്‍ക്കാര്‍ ഓഫീസ്‌ അല്ല എന്നുമുള്ള വേളിപാടില്‍ രഘു ഇതങ്ങു ഉപസംഹരിച്ചു.. അതിങ്ങനെ "ഒരു വ്യക്തിയുടെ താല്‍പര്യത്തിനു വിരുദ്ധമായി, മറ്റൊരാള്‍ പ്രവര്‍ത്തിക്കുമ്പോഴോ, ഒരു സംഭവം ഉണ്ടകുമ്പോഴോ, ആ സംഭവത്തിനോടോ, അതിനു കാരണമായതിനോടോ (വ്യക്തിയോടൊ, സമൂഹത്തിനോടോ, ആശയ സംഹിതയോടോ ) അയാള്‍ക്കുണ്ടാകുന്ന പ്രതികരണാത്മകമായ ഒരുതരത്തിലുള്ള അനിഷ്ടമാണു ദേഷ്യം". അപ്പോഴും എന്തൊക്കെയോ ചിന്തകളിലൂടെ അലഞ്ഞു നടക്കുന്ന ചാത്തുണ്ണിയെ അവിടെ തന്നെ വിട്ടു ഞങ്ങള്‍ എഴുന്നേറ്റു.
ചിന്തകളിലൂടെ അലഞ്ഞതു കൊണ്ടാണോ എന്തോ ചാത്തുണ്ണി ടേയ്‌ നിക്കടാ അവിടെ എന്നും പറഞ്ഞു രഘുനെ പിടിച്ചിരുത്തി.. അവിടെ നിന്നും രക്ഷപ്പെട്ട ഞങ്ങള്‍ നോക്കുമ്പൊള്‍ രണ്ടും കൂടി പൊരിഞ്ഞ തര്‍ക്കം.. എന്തായാലും ചര്‍ച്ച തര്‍ക്കം ആക്കി മാറ്റാന്‍ പറ്റിയ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ അവരെ അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍ ഇനി വൈകിട്ടത്തെ ചായക്ക്‌ ചര്‍ച്ചക്കുള്ള (തര്‍ക്കത്തിനുള്ള) പുതിയ വിഷയവും ആയി വീണ്ടും വരാം എന്നു പറഞ്ഞു പിരിഞ്ഞു..

Wednesday, April 26, 2006

തുടക്കം

എന്റെ ഈ ചെറിയ ലോകത്തേക്കു ധാരാളം സന്ദര്‍ശകര്‍ എത്തുമെന്നും അവരെ സ്വീകരിക്കാനായി ഒരു ചെറുപുഞ്ചിരിയുമായി ഈ പൂമുഖത്തു എന്നും നില്‍ക്കാന്‍ കഴിയുമായിരിക്കും എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ...