Sunday, June 04, 2006

ഞാനും എന്റെ (സുന്ദരമായ)പേരും

ഞാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയം

യൂണിവേഴ്സിറ്റിയില്‍ ഇലക്ഷന്‍ നടക്കുന്നു, ഞാനും ഒരു സ്ഥാനാര്‍ത്ഥി ആയിരുന്നു ആ ഇലക്ഷനില്‍. വോട്ടെടുപ്പു ദിവസം അവിടെ ഉണ്ടായിരുന്ന ഒരു പോലിസുകാരന്‍ പാനല്‍ ലിസ്റ്റ്‌ എടുത്തു നോക്കുന്നു, chairman - jayakumar k p, vise chairman - amrutha k adiyodi, general secretary - Obi T R അദ്ദേഹം ആ ലിസ്റ്റില്‍ സൂക്ഷിച്ചു നോക്കുന്നു, വീണ്ടും നോക്കുന്നു, എന്നിട്ടു വായന നിര്‍ത്തി തൊട്ടടുത്തു നിന്ന ജയകുമാറിനോട്‌, ഇതു പേരാണോ അതൊ ഇനിഷ്യല്‍സ്‌ ആണോ?

ജോലിക്കു വേണ്ടിയുള്ള ആദ്യത്തെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍

ആരുടെയൊക്കെയൊ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അദ്യത്തെ ഇന്റര്‍വ്യൂന്‌ തന്നെ എനിക്കു ജോലി കിട്ടി. ഓഫീസില്‍ സെലക്ഷന്‍ കിട്ടിയവരുടെ ലിസ്റ്റ്‌ ഇട്ടു. അതില്‍ എന്റെ പേരു മാത്രം മുഴുവന്‍ capsല്‍ OBI T R പലരും ചോദിച്ചത്രെ ഇതെന്തോന്നു പേര്‌!

ഒത്തിരി ഒത്തിരി ആഗ്രഹിച്ച ലക്ഷദ്വീപ്‌ യാത്രക്ക്‌

കുറേക്കാലം മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ലക്ഷദ്വീപില്‍ പോവുക എന്നതു്‌. രണ്ടു മൂന്നു സുഹൃത്തുക്കള്‍ കൂടി തയ്യാറായപ്പോള്‍ ആ ആഗ്രഹം അങ്ങു സാധിച്ചേക്കാം എന്നു തീരുമാനിച്ചു. ടിക്കറ്റിനു വേണ്ടി ആപ്പ്ലിക്കേഷന്‍ ഒക്കെ കൊടുത്തു, എന്റെ ഫോറം കണ്ടിട്ടു അവിടെയുള്ള ഒരു മാന്യദേഹം, ഇതെന്തോന്നാ Obi എന്നോ? ഇങ്ങനെ ഒന്നും ആര്‍ക്കും പേരിടില്ല എന്നും പറഞ്ഞു അദ്ദേഹം Obiക്ക്‌ മുന്നില്‍ ഒരു G ഉം b താഴേക്ക്‌ നീട്ടി p ഉം ആക്കി.. അങ്ങിനെ ഞാന്‍ Gopi ആയി. ആ പേരും വെച്ച്‌ ലക്ഷദ്വീപില്‍ പോയി വന്നു.

ഈ ബൂലോഗത്തില്‍ എത്തിയപ്പോള്‍

ഈ വിശാലമായ ബൂലോഗത്തില്‍ എത്തിയപ്പോള്‍ ആദ്യം വായിച്ചു തുടങ്ങിയത്‌ ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍. അതില്‍ എതോ ഒന്നു വായിച്ചു കമന്റ്‌ കൊടുത്തു, ദാ വരുന്നു ശ്രീജിത്തിന്റെ മറുപടി കമന്റ്‌ ഒ ബി ഐ റ്റി ആര്‍ എന്നും വിളിച്ചോണ്ട്‌.

അവസാനം ഒരു പെണ്ണു കിട്ടിയപ്പോള്‍

കുറേക്കാലം തിരഞ്ഞു കല്യാണം കഴിക്കാന്‍ വേണ്ടി ഒരു പെണ്ണിനെ കണ്ടു പിടിച്ചപ്പോള്‍ ദാ കിടക്കുന്നു.. ആ കുട്ടീടെ പേരു hilary, ഇപ്പോള്‍ എല്ലാരുടേം ചോദ്യം ഇതെന്തോന്ന്‌ പേരാന്ന്‌.. ഞാന്‍ എന്തു പറയാനാ. അവസാനം ഒരുത്തരം കണ്ടു പിടിച്ചു obi എന്ന പേരിന്‌ hilary ഒക്കെ മതി, നല്ല ചേര്‍ച്ചയാന്ന്‌.